Pages

Monday, June 3, 2013



കഥ
ആരും പറയാതിരുന്നത്

ഗോപകുമാര്‍ നെടിയത്ത്


കുട്ടികളുമായി ക്ഷേത്രദര്‍ശനത്തിന് എത്തിയ അവള്‍ മൈതാനത്തുകൂടി നടന്നുവന്നപ്പോള്‍ തന്നെ അയാളെ കണ്ടു.

ആല്‍ത്തറയില്‍ ഭിക്ഷക്കാര്‍ക്ക് അരുകില്‍ ഇരിക്കുകയായിരുന്നു അയാള്‍.. അന്നേരം.

അയാളും അവളെ കണ്ടു.

അയാളുടെ മുഖം പ്രസന്നമായി.

അയാളിത് പ്രതീക്ഷിച്ചിരുന്നതാണ്.

ഇവിടെ അവളെ കണ്ടുമുട്ടാന്‍ കഴിയുമെന്ന് അയാള്‍ക്കറിയാമായിരുന്നു.

ഇവിടെ അടുത്താണ് അവള്‍ താമസിക്കുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അയാള്‍ കുറച്ചുദിവസമായി ഈ ക്ഷേത്രപരിസരത്ത് ചുറ്റികറങ്ങുന്നത്.

ഒരുനാള്‍ ഭഗവാനെ തൊഴാന്‍ അവള്‍ വരുമെന്ന് അയാള്‍ക്കറിയാമായിരുന്നു.

ദൂരെ നിന്ന് ഒരുനോക്കു കാണണം.

അത്രേ അയാള്‍ ആഗ്രഹിചിരുന്നുള്ളൂ.

അതാണ് ഇപ്പോള്‍ സഫലമായത്.

അവള്‍ പരിചയം ഉള്ളതുപോലെ അയാളെ നോക്കി ചിരിച്ചു.

അയാളും ചിരിച്ചു.

അവളും കുട്ടികളും ആല്‍ത്തറ ലക്ഷ്യമാക്കി നടന്നു വന്നു.

മൂന്നുപേരും ചേര്‍ന്ന് ഭിക്ഷക്കാര്‍ക്ക് ദാനം കൊടുത്തു.

കുട്ടികള്‍ അയാള്‍ക്കുനേരെ ഭിക്ഷക്കാശ് നീട്ടാതിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു.

അവള്‍ അയാളോട് ഒന്നും ചോദിച്ചില്ല.

അയാള്‍ക്ക് അവളോട്‌ ഒന്നും ചോദിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല.

അവളെ ഒരുനോക്കു കാണാനാണ് അയാള്‍ എത്തിയതെന്ന് അവള്‍ക്ക് പൂര്‍ണ്ണമായും അറിയാമായിരുന്നു.

എങ്കിലും ഒന്നും പറയാതെ അവര്‍ പിരിഞ്ഞു.

അതെന്നും അങ്ങനെ ആയിരുന്നല്ലോ?.

അയാള്‍ക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നി.

അയാള്‍ ഏറെ നേരം എന്തൊക്കെയോ ഓര്‍ത്തുകൊണ്ട്‌ അവിടെ ഇരുന്നു.

പിന്നീട് വിചാരിച്ചു അവിടം വിട്ട് പോയേക്കാം എന്ന്.

അയാള്‍ പഞ്ചാരമണലിലൂടെ വിഷാദചിത്തനായി ബസ്സ്‌സ്റ്റോപ്പിലേക്ക് നടക്കാന്‍ തുടങ്ങി.

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ പുറകില്‍ നിന്നൊരു വിളി അയാള്‍ കേട്ടു:

'മാമാ...'

അയാള്‍ തിരിഞ്ഞു നോക്കി.

അയാള്‍ അതിശയിച്ചു പോയി.

അവളോടൊപ്പം വന്ന കുട്ടികളില്‍ മുതിര്‍ന്നയാള്‍. തൊട്ടു പുറകില്‍.

അയാള്‍ നിന്നു.

കുട്ടി ഓടി അടുതെത്തി.

'മാമനെ അമ്മ വിളിക്കുന്നു...'.അയാള്‍ ചോദിക്കുന്നതിനു മുമ്പേ അവന്‍ പറഞ്ഞു.

അയാള്‍ക്ക് ജിജ്ഞാസയായി.

കുട്ടി നിന്ന് കിതച്ചു.

'എവിടെ അമ്മ?' അയാള്‍ തിരക്കി.

'അമ്മ വീട്ടിലേക്കു പോയി.മാമനെ കൂട്ടികൊണ്ട് ചെല്ലാന്‍ അമ്മ എന്നോട് പറഞ്ഞയച്ചു.'

അവന്‍ പറഞ്ഞിട്ട് അയാളുടെ മറുപടിക്കായി കാത്തു.

ഓടിച്ചെല്ലാന്‍ അയാള്‍ക്ക് തോന്നിയില്ല.

അവളുടെ അഭ്യര്‍ത്ഥനയെ മറികടന്നു പോകാനും അയാള്‍ക്കായില്ല.

അയാള്‍ അവനു പുറകിലായി അവളുടെ വീട്ടിലേക്കു നടക്കാന്‍ തുടങ്ങി.

ഒരു കൊച്ചുവീടിനു മുന്നില്‍ കുട്ടി നിന്നു.

'അമ്മേ ദേ മാമന്‍ വന്നു...' അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

അവള്‍ അതാ അകത്തുനിന്നും ഓടിയിറങ്ങി വരുന്നു.

ഒരിക്കല്‍ തന്‍റെ എല്ലാമെല്ലാം ആയിരുന്ന പെണ്‍കുട്ടിയാണ് ഇതെന്ന് വിശ്വസിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

അയാള്‍ പരിഭ്രമത്തോടെ അവളെ നോക്കി.

അവള്‍ ഹൃദയം തുറന്നു ചിരിച്ചു.

'വാ... അകത്തേക്ക് കേറി വാ...'

അവള്‍ ക്ഷണിച്ചു.

അമ്പലത്തില്‍ വച്ച് അവളോടൊപ്പം കണ്ട ഇളയ കുട്ടിയും ഇറങ്ങി വന്നു.

അവന്‍ അയാളെ നോക്കി പരിചിതഭാവത്തില്‍ ചിരിച്ചു.

അയാള്‍ക്ക് മനസ്സുതുറന്നു ചിരിക്കാന്‍ കഴിഞ്ഞില്ല.

'വാ... അകത്തേക്ക് കേറി വാ.... ഇവരുടെ അച്ഛനിവിടുണ്ട്.

അത് അവള്‍ തനിക്കു ധൈര്യം പകരാന്‍ വേണ്ടി മനപ്പൂര്‍വ്വം പറഞ്ഞതാണെന്ന് അയാള്‍ക്ക് മനസ്സിലായി.

അവളോടും കുട്ടികളോടും ഒപ്പം അയാള്‍ അകത്തേക്ക് കയറി ചെന്നു.

അവര്‍ അയാളെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അയാള്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

അകത്തെ കട്ടിലില്‍ നിശ്ചലനായി കിടക്കുന്ന ഒരു മനുഷ്യക്കോലം.

'ഇതാ ഇവരുടെ അച്ഛന്‍., പത്തുവര്‍ഷമായി ഇങ്ങനെ ആയിട്ട്.ഒരപകടം പറ്റിയതാ.'

പതിനഞ്ച് വര്‍ഷത്തിനുശേഷം അവള്‍ അയാളോട് അടുത്തുനിന്നു സംസാരിക്കുകയാണ്.

അയാള്‍ അവളോട്‌ ഒന്നും ചോദിച്ചില്ല.

ഒന്നും പറഞ്ഞുമില്ല.

ദേഹം തളര്‍ന്നു ആ കിടക്കയ്ക്കരുകില്‍ ഇരുന്നുപോയി പോയി അയാള്‍...

പിന്നെ ആ രൂപത്തെ അയാള്‍ മെല്ലെ തലോടാന്‍ തുടങ്ങി.

അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി.


ശുഭം.


Saturday, June 1, 2013

പ്രിയ വായനക്കാരേ,

ഞാന്‍ ഗോപകുമാര്‍ നെടിയത്ത്.മലയാളത്തില്‍ ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങുക എന്നത് എന്‍റെ വളരെക്കാലമായുള്ള ആഗ്രഹമാണ്.അനുവാചകാരായ നിങ്ങളില്‍ ആണ് എന്‍റെ പ്രതീക്ഷ മുഴുവന്‍. ഓണ്‍ലൈന്‍ വായനക്കാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.നിങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങളുമായി എത്താന്‍ കഴിയുമെന്നാണ് എന്‍റെ വിശ്വാസം.നിങ്ങളുടെ വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മടിക്കരുത്.നിങ്ങളുടെ നിസ്സീമമായ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ!

സ്നേഹാദരങ്ങളോടെ,

ഗോപകുമാര്‍ നെടിയത്ത്.